പ്രകൃതി ദുരന്തങ്ങൾ പോലും രാഷ്ട്രീയ പകപോക്കലുകൾക്കുള്ള അവസരമാക്കിയെടുക്കുന്നത് എന്തൊരു ദുരന്തമാണ്!

എൺപതോളം പേർ മരിക്കുകയും ആയിരങ്ങൾക്ക് വീടടക്കം നഷ്ടപ്പെടുകയും ചെയ്ത കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതാശ്വാസത്തിന് 2100 കോടി ചോദിച്ച നമ്മളെ കേന്ദ്ര സർക്കാർ രണ്ടാം വട്ടവും 'സംപൂജ്യ'രാക്കി മടക്കിയത് ഈയ്യിടെയാണ്. മറ്റു ഏഴ് സംസ്ഥാനങ്ങൾക്കും രണ്ടുവട്ടം പണം അനുവദിച്ചപ്പോഴാണീ അവഗണന!

ഇപ്പോഴിതാ, പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെ, അന്ന് വിളമ്പിയ ചോറിന് കാശും ചോദിച്ചിരിക്കുന്നുവത്രെ.. അതും ഉടനെ കൊടുക്കണമെന്ന്!

പ്രളയകാലത്ത്‌ ക്യാമ്പുകളിൽ സൗജന്യമായി വിതരണംചെയ്‌ത 89,540 ടൺ അരിയുടെ വിലയായി 205 കോടി രൂപ ഉടൻ നൽകണമെന്നാണ് ആവശ്യം. അതീവപ്രാധാന്യം എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ എഫ്‌സിഐ മാനേജർ കത്ത്‌ അയച്ചിരിക്കുന്നത്‌ എന്നാണ് പത്രറിപ്പോർട്ടുകൾ.

സംസ്ഥാനങ്ങളുടെ നികുതിപ്പണമാണ് കേന്ദ്രത്തിന്റെ വരുമാനം. ഈ 'കേന്ദ്ര'ത്തിന്റെ കഞ്ഞി മുതൽ, കോട്ടും സൂട്ടും കുപ്പായവുമൊക്കെ ഇന്നാട്ടിലെ (കേരളമുൾപ്പെടെ ഓരോരോ സംസ്ഥാനങ്ങളിലേയും) ജനങ്ങളുടെ വിയർപ്പാണ്. കേരളത്തിന്റെ കാര്യമാണെങ്കിൽ, അങ്ങോട്ട് കൊടുക്കുന്ന ഒരു രൂപയ്ക്ക് ഇങ്ങോട്ട് പകരം കിട്ടുന്നത് 25 പൈസ മാത്രമാണെന്ന് മുമ്പൊരിക്കൽ മുഖ്യമന്ത്രി എഴുതിയിരുന്നു.

എന്നിട്ടും ദുരിതച്ചോറിന്പോലും ഉളുപ്പില്ലാതെ കാശ് ചോദിക്കുന്നു.. കഷ്ടം!

'മാധ്യമ'ത്തിൽ വി.ആർ. രാഗേഷ് വരച്ച കാർട്ടൂണാണ് മുകളിൽ നൽകിയിരിക്കുന്നത്


Comments

Popular Posts

Visuals