പേരൻപ്
പേരൻപ് അഥവാ ഉയിർത്തെഴുന്നേൽപ്പ്. ഓരോ മനുഷ്യ ജന്മങ്ങളുടേയും ജീവിതത്തിൽ പ്രകൃതി തന്നെ പകർന്നാടുന്ന വിവിധ ഭാവങ്ങൾ. പ്രകൃതി മനുഷ്യനായൊരുക്കിയ 12 അധ്യായങ്ങളിലൂടെയാണ് പേരൻപ് എന്ന ചിത്രത്തിന്റെ സഞ്ചാരപഥം. ദേശീയ പുരസ്കാര ജേതാവ് റാം പ്രകൃതിയെ ഒരൽപ്പം നിഗൂഢതയോടെയും അതേ സമയം കരുണയുടേയും , സഹാനുഭൂതിയുടേയും മനുഷ്യൻെറ നിസ്സഹായാവസ്ഥയുടെയും പ്രതീകവുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. അമുദവൻ എന്ന ടാക്സി ഡ്രൈവറും അയാളുടെ 14 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളുടെയും കൂടെയുള്ള ജീവിതയാത്രയും അവർക്ക് നേരിടേണ്ടി വരുന്ന യാതനകളും, വെല്ലുവിളികളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ശരീരത്തിലെ പേശികൾ ഒരു വശത്തേയ്ക്ക് കോടിപിടിച്ചു കൊണ്ട് തന്റെ മകൾ അനുഭവിയ്ക്കുന്ന സങ്കീർണ്ണാവസ്ഥയെ സ്വയം അനുകരിച്ചുകൊണ്ട് അനുഭവിച്ചറിയുന്ന പിതാവിന്റെ രംഗം കണ്ണുകളെ ഈറനണിയിപ്പിക്കും വിധം വൈകാരികതയോടെയും ഭാവതീവ്രതയോടെയും മമ്മൂട്ടി എന്ന നടൻ അനശ്വരമാക്കി. ഓരോ രംഗങ്ങളിലെയും ശരീരഭാഷയും, മാനറിസങ്ങളും Voice- Modulation കൊണ്ടും മമ്മൂട്ടി നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. നാഗരിക ലോകത്തിലെ കുറ്റപ്പെടുത്തലുകളിൽ നിന്നും കളങ്കം നിറഞ...