പുഴുക്കളെ പിഴുതെറിയൂ, എന്തിന് മുഴുവൻ അധ്യാപകരേയും കല്ലെറിയണം...?
മുന്നിലിരിക്കുന്ന കുട്ടി മാത്രമല്ല, കിലോമീറ്ററുകൾക്കപ്പുറത്തെ സ്‌കൂളിൽ നിന്നും വിട പറഞ്ഞ കുഞ്ഞുമോൾ ഷഹലയും സ്വന്തം കുഞ്ഞാണ് എന്ന ഉൾബോധത്താൽ നീറുകയായിരുന്നു കഴിഞ്ഞ മണിക്കൂറുകൾ. അത്രമാത്രം ആഴത്തിൽ ആ വേദന പതിഞ്ഞിട്ടുണ്ട്. അനാസ്ഥ കാണിച്ചു അധ്യാപക സമൂഹത്തിന് എന്നല്ല മനുഷ്യ രാശിക്ക് തന്നെ അപമാനം വരുത്തിവെച്ച ഒരാളെയും ഈ പോസ്റ്റ് ന്യായീകരിക്കുന്നില്ല. വീഴ്ച്ച കാണിച്ച അധ്യാപകരെ സർവീസിൽ നിന്ന് തന്നെ പിരിച്ചു വിടണം എന്ന അഭിപ്രായമാണ്. അധ്യാപകനിൽ മാത്രം ഒതുക്കരുത് എന്നപേക്ഷയുണ്ട്. വീഴ്ച്ച വരുത്തിയവരിൽ PTA കമ്മിറ്റിയുണ്ട്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരുണ്ട്, വേണ്ട സമയത്തു ചികിത്സ നൽകാത്ത ഡോക്ടറും ആശുപത്രി ജീവനക്കാരുമുണ്ട്, അന്വേഷിച്ചാൽ ഇനിയും ഒരുപാട് പേരെ ആ ലിസ്റ്റിൽ കണ്ടത്താൻ സാധിക്കും. അവരെയൊക്കെ മാതൃകാപരമായി ശിക്ഷിക്കണം. ജനപ്രതിനിധികൾ കുറ്റക്കാർ ആണെങ്കിൽ അവരെ തുറന്നു കാട്ടണം.
അതിനിടയിൽ ചിലർ മൊത്തമായി അധ്യാപക സമൂഹത്തിനു നേരെ തിരിയുന്നതായി കണ്ടു. അധ്യാപനവും മറ്റു ജോലികൾ പോലെ വേതനം വാങ്ങി തന്നെയാണ് ചെയ്യുന്നത്. എന്നു കരുതി കുട്ടികളെ 4 മണിക്ക് ശേഷം ഉത്തരവാദിത്തം ഇല്ലാതെ ഇട്ടേച്ചു പോകുന്നവരല്ല. പഴയ കാല സാമ്പ്രദായിക രീതിയല്ല ഇന്നെന്ന് അറിയാഞ്ഞിട്ടല്ല ഈ വിമർശനം ചിലർ നടത്തുന്നത്.
ഓരോ ക്ലാസ് മുറിയും ഓരോ വീട് പോലെ കാണുന്നവരുണ്ട്, അതിലുപരി സ്വന്തം മക്കളെ പോലെ അവരുടെ ജീവിതത്തിൽ കൃത്യമായി ഇടപെടുന്ന ഒരുപാട് അധ്യാപകരുണ്ട്. ഒരു സർവ്വേ നടത്തി നോക്കിയാൽ 70% ത്തിൽ അധികം കുട്ടികൾക്കും രണ്ടാമത്തെ വീടാണ് വിദ്യാലയം എന്നറിയാം. മാതാപിതാക്കളുടെതിനു തുല്യമായ പരിചരണം അവർക്ക് സ്‌കൂളിൽ നിന്നും ലഭിക്കുന്നുണ്ടാവാം. മനശാസ്ത്രപരമായി അവരോട് ഏറ്റവും കൂടുതൽ അടുക്കുന്നതും അധ്യാപകർ ആവാം. ഒരു വ്യക്തിയെ വളർത്തെടുക്കുന്നതിൽ അവന്റെ അധ്യാപകനുള്ള പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസത്തിൽ രാജ്യത്തെ മറ്റേത് സംസ്ഥാനത്തോടും കിടപിടിക്കുന്നത് തന്നെയാണ് കേരളത്തിലെ വിദ്യാലയങ്ങൾ. സ്വകാര്യ സ്‌കൂളുകൾ പോലെ ഓരോ ക്ലാസും ഓരോ ജയിലറകളല്ല. കുടുംബം തകർക്കുന്ന ഫീസോ മറ്റു ചിലവുകളോ ഇല്ല, സ്വകാര്യ സ്ഥാപനങ്ങളെക്കാൾ നിലവാരവും മേന്മയും സർക്കാർ വിദ്യാലയങ്ങളിൽ ഉണ്ട്. അത് കൊണ്ട് തന്നെയാണ് ഓരോ വർഷം പിന്നിടുമ്പോഴും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നത്. സ്മാർട്ടും ഹൈടെക്കും ആവുമ്പോഴും ബത്തേരിയിൽ കണ്ടപോലുള്ള സുരക്ഷിതമല്ലാത്ത സ്‌കൂളുകളും ഉണ്ട് എന്നത് കാണാതിരുന്നുകൂടാ. അവ അങ്ങനെ നിലനിൽക്കാൻ കാരണം അന്വേഷിച്ചു ചെന്നാൽ ഒരുപാടുപെരുടെ അനാസ്ഥകൾ പിന്നേയും കാണാം. യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇത്തരം ശോചനീയാവസ്ഥയിൽ നിന്നും എന്നേ ഈ വിദ്യാലയങ്ങൾ രക്ഷപെട്ടേനെ. ഇനിയും തത് സ്ഥിതി തുടരുന്ന സ്‌കൂളുകൾ ഉണ്ടങ്കിൽ ഇതോടെയെങ്കിലും ഉണർന്നെങ്കിൽ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുട്ടികളുടെ മനശാസ്ത്രം അറിയാതെ, അവരുടെ ആഗ്രഹങ്ങളും മോഹങ്ങളും തല്ലിക്കെടുത്തി വളർച്ച മുരടിപ്പിക്കുന്ന അധ്യാപകരും കൂട്ടത്തിലുണ്ട് എന്നത് കാണാതെ പോവുന്നില്ല. കുട്ടികൾ സ്വിച്ചിട്ടാൽ പ്രകാശിക്കേണ്ട പഠന മെഷീനുകൾ ആണെന്ന ധാരണയിൽ, പഠിക്കാൻ മാത്രം വിധിക്കപ്പെട്ട ജന്മങ്ങൾ എന്ന രീതിയിൽ കാണുന്നവരുമുണ്ട്. അതിനു വേണ്ടി അവരുടെ മറ്റു വാസനകളെ, താത്പര്യങ്ങളെ കണ്ടില്ല എന്നു നടിക്കുന്നവരും കുറവല്ല. പക്ഷെയിത് അധ്യാപക സമൂഹത്തിൽ വളരെ ന്യുനപക്ഷമാണ്. മറ്റെല്ലാ വിഭാഗത്തിലും കുഴപ്പക്കാർ ഉണ്ട് എന്ന പോലെ തന്നെ. അവരെയാണ് ആദ്യം ചകിത്സിക്കേണ്ടത്. അറിവ് പകർന്ന് നൽകുന്നവരെ ഏറ്റവും കൂടുതലായി ആദരിക്കണം എന്ന നിർബന്ധ ബുദ്ധിയൊന്നും അധ്യാപകർക്കില്ല. അർഹിക്കന്നവരോട് നിങ്ങളത് കാണിക്കുക എന്നേ ഉള്ളൂ. അതൊക്കെ താനെ നിങ്ങൾക്ക് തൊന്നേണ്ടതാണെന്നും ആദരവ് പിടിച്ചു വാങ്ങേണ്ടത് അല്ലെന്നും അധ്യാപകർക്കറിയാം. അവരോട് അങ്ങനെ വേണ്ട എന്ന തരത്തിൽ പ്രചരണം നടത്തുന്നവരോടും അത് തന്നെയാണ് പറയാനുള്ളത്. നിങ്ങൾക്ക് അവരെ ബഹുമാനിക്കണം എന്നു തോന്നിയാൽ ആവാം, നിന്ദിക്കണം എന്നു തോന്നിയാൽ അങ്ങനെയും ആവാം. അവരും ഒരു വ്യക്തി,മനുഷ്യർ ആണെന്ന് മാത്രം മറക്കാതിരുന്നാൽ മതി. വീണ്ടും പറയുന്നു, കുറ്റക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവരെ കല്ലെറിയുക, ഒരു സമൂഹത്തെ മൊത്തമായി അവർക്ക് ലഭിക്കുന്ന ആദരവും ബഹുമാനവും കണ്ട് അവരത് അർഹിക്കുന്നില്ല എന്ന് അകാരണമായി പറയാതിരിക്കുക. കാരണമുണ്ടങ്കിൽ അത് പറഞ്ഞു അവരെ മാത്രം കുറ്റപ്പെടുത്തുക.
KPS VIDYANAGAR
KPS VIDYANAGAR

Comments
Post a Comment