അഖില ലോക മൈഗ്രേൻ ബാധിതരെ സംഘടിക്കുവിൻ....
അഖില ലോക മൈഗ്രേൻ ബാധിതരെ സംഘടിക്കുവിൻ....
ബേപ്പൂർ സുൽത്താൻ ഏറ്റവും സുഖമുള്ള രോഗം വട്ടച്ചോറി ആണെന്ന് പറഞ്ഞത് അദ്ദേഹത്തിന് മൈഗ്രൈൻ ഇല്ലാത്തത് കൊണ്ടാവാം എന്ന് അനുമാനിക്കുന്നു. ഉണ്ടായിരുന്നേൽ വെളിച്ചത്തിൽ നിന്നും ശുദ്ധമായ വെളിച്ചത്തെ വേർതിരിച്ചു തന്ന പോലെ വേദനയിൽ നിന്നും മൈഗ്രേന്റെ വേദന വരച്ചു കാട്ടി തന്നേനെ.
ഒരു ചുമർ തുരക്കുന്ന ഡ്രിൽ മെഷീൻ കൊണ്ട് നെറ്റി തുളച്ചു കയറുന്ന വേദനയാണ് എനിക്ക് ചിലപ്പോൾ മൈഗ്രൈൻ. മറ്റു ചിലപ്പോൾ ഒരൊറ്റ പോയിന്റിലേക്ക് ലോകം ഉൾവെലിയുന്ന അസഹനീയ വേദനയാണിത്. വിവരണാതീതമാണാ വേദന...
ചിന്തകളെ മസ്ത് പിടിപ്പിക്കുന്ന, ഏതോ മായാവലയത്തിൽ അകപ്പെട്ട പ്രീതി ജനിപ്പിക്കുന്ന ഭ്രാന്തമായ വേദന. എത്ര കടിച്ചമർത്താൻ ശ്രമിച്ചാലും എല്ലാ വലയങ്ങളും ഭേദിച്ച് ഇരുട്ടിലേക്ക് കീഴ്‌പ്പെടുത്തി, ഏകാന്തയെ കൊതിപ്പിച്ചു, നിശബ്ദതയെ പുൽകുന്ന ആ വേദനക്ക് മുന്നിൽ മനസ്സും ശരീരവും അടിയറവ് വെച്ച് പോകും. അത്രമേൽ മധുരമായ ഒന്നുപോലെ വേദനയെ വർണ്ണിക്കാൻ മറ്റേത് വേദനക്കാവും.
ലോകം തന്നെ തന്നിലേക്കൊതുങ്ങുന്ന ആ നിമിഷങ്ങളാണ് ചിലപ്പോഴൊക്കെ ജീവിതത്തോട് തന്നെ വിരക്തി തോന്നിപ്പിക്കുന്നത്. ഉറക്കം നഷ്ടമാകുന്ന എന്നാൽ ഉറങ്ങിയാൽ ചിലപ്പോൾ നഷ്ടമാകുന്ന വേദന കൂടിയാണ് മൈഗ്രൈൻ. ഓർമ്മകൾ തികട്ടി വരുന്ന, വേദനക്ക് ആഴം കൂട്ടുന്ന വല്ലാത്ത മാനസികാവസ്ഥ കൂടി ചിലപ്പോൾ കൂട്ടിനെത്താറുണ്ട്.
ബാധിതർക്ക്, വെയിലിന്റെ അംശ മേൽക്കാതിരിക്കാൻ പ്രത്യേക പരിശീലനം നേടാൻ പര്യാപ്തമാക്കുന്നതാണ് മൈഗ്രേൻ. കൂടെ ചേർത്തു നിർത്തേണ്ട യാത്രകളെ അകറ്റി നിർത്താനും വൈകിയുള്ള വയനകൾക്ക് ഷട്ടറിടാനും കാരണക്കാരനാവുന്ന വേദന,
ചില ഗന്ധങ്ങളോട് മുഖം തിരിപ്പിക്കുന്ന വേദന,
ചില പദാർത്ഥങ്ങളെ ഭക്ഷണ വിഭവ മെനുവിൽ ഉൾപെടുത്താതിരിക്കാൻ പ്രേരിപ്പിക്കുന്ന വേദന.... തീരുന്നില്ല ഒരു വേദനയുടെ വർണ്ണനകൾ. ആശ്വാസമായി പലരും പല വഴികൾ തേടുന്ന മൈഗ്രൈൻ ശാപം തീരാൻ മരുന്നില്ലത്രേ. പരീക്ഷിക്കാത്തതായി ഇനിയെന്തെങ്കിലുമുണ്ടങ്കിൽ ഉണർത്തിയാൽ ആ പരീക്ഷണത്തിനും തയ്യാറാണ്. 'ഒരാന കുത്താൻ വന്നാൽ നിങ്ങളെന്തു ചെയ്യും' ടൈപ് പുസ്തകങ്ങളോ, മുഖക്കുരു മാറാൻ ചെറുനാരങ്ങ മുഖത്തുരക്കുക മോഡൽ നുറുങ്ങു വിദ്യകളോ, "പഴകീയ തലവേദനകൾ മാറ്റികൊടുക്കുന്നു" പരസ്യങ്ങളോ അല്ല, നിങ്ങളെ ആ വേദനയിൽ നിന്നും രക്ഷിച്ച എന്തെങ്കിലുമുണ്ടോ എങ്കിലവ നിർദേശിക്കാം.....

Comments
Post a Comment